മുംബൈ: നഗരത്തിലെ ഗോഡൗണിൽ പൂഴ്ത്തിവച്ച 40 ലക്ഷം മാസ്കുകൾ മുംബൈ പോലീസ് പിടികൂടി. 200 പെട്ടികളിലായി സൂക്ഷിച്ച ഒരു കോടി രൂപ വിലവരുന്ന മാസ്കുകളാണ് പോലീസ് പിടിച്ചെടുത്തത്. പലയിടങ്ങളിലും പൂഴ്ത്തിവയ്പ് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
മുംബൈ നഗരത്തിനു സമീപമുള്ള ഷാ വെയർഹൗസിംഗ് ആൻഡ് ട്രാൻസ്പോർട്ട് ഗോഡൗണിൽ മാസ്കുകൾ പൂഴ്ത്തിവച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വിലേ പാർലെ പോലീസ് പരിശോധന നടത്തിയത്. അഞ്ചു പേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞയാഴ്ചയും മുംബൈ നഗരത്തിൽനിന്ന് 15 കോടി വില വരുന്ന ഉയർന്ന നിലവാരത്തിലുള്ള 25 ലക്ഷം മാസ്കുകൾ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു.
കൊറോണ പടരുന്ന പശ്ചാതലത്തിൽ മാസ്കുകളുടെ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പലയിടങ്ങളിലും പൂഴ്ത്തി വയ്പിന് കാരണമാകുന്നതെന്നാണ് സൂചന.