മാഡ്രിഡ്: ഭീതിയുടെ നിഴലിൽ കൊറോണ മരണത്തിൽ ചൈനയെ മറികടന്ന് സ്പെയിൻ രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്പെയിനിൽ 738 പേരാണു മരിച്ചത്. ഇതോടെ മരണ സംഖ്യ 3,647 ആയി.
നാലരക്കോടിയിലേറെ ജനങ്ങളുള്ള സ്പെയിനിൽ ഫെബ്രുവരി 15ന് മുമ്പ് ഒരാൾക്ക് പോലും കൊറോണയില്ലായിരുന്നു. തുടർന്ന് ക്രമാനുഗതമായി രോഗികൾ പെരുകുകയായിരുന്നു.തലേദിവസത്തെ അപേക്ഷിച്ച് ഇന്നലെ മാത്രം സ്പെയിനിൽ മരണനിരക്കിൽ 27ശതമാനം വർധനയുണ്ടായി.
49,515 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രി കാർമെൻ കാൽവോയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച കാൽവോയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. കാൽവോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന് സർക്കാരാണ് അറിയിച്ചത്.
സ്ഥിതിഗതികൾ ഇനിയും വഷളാമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിൽ 11 വരെ സ്പെയിനിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരി ക്കുകാണ്. എന്നാൽ 5,367 പേർ രോഗമുക്തി നേടിയത് ആശ്വാസം നൽകുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊറോണ ബാധിച്ച് മരിച്ചത് ഇറ്റലിയിലാണ് .കൊറോണ പ്രഭവകേന്ദ്രമായ ചൈനയിൽ 3281 പേരേ മരിച്ചുള്ളുവെന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.
ഇറ്റലിയിൽ ബുധനാഴ്ച മാത്രം 683 പേർ മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 7,503 ആയി. ഇതുവരെ രാജ്യത്ത് 74,386 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.