പത്തനംതിട്ട: ജില്ലയിൽ ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചത് രണ്ട് പേർക്കാണ്. രണ്ട് പേരും വിദേശത്ത് നിന്നും എത്തിയവർ. ഇവരിൽ ഒരാൾക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നു. രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത് സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയേക്കും. കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നതിനാൽ ഇനി ഇയാളുടെ റൂട്ട്മാപ്പടക്കം തയ്യാറാക്കേണ്ടതുണ്ട്.

യുകെയിൽ നിന്നും വന്ന ഇയാൾ മാർച്ച് 14 നാണ് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങളൊന്നുമില്ലാ
തിരുന്നതിനെത്തുടർന്ന് ഇയാൾ നാട്ടിലെത്തിയ ശേഷം പല ദിവസങ്ങളിൽ ബന്ധുവീടുകളിൽ സന്ദൾശനം നടത്തുകയും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഇയാൾ വിദേശത്ത് നിന്നും എത്തിയതായിരുന്നതിനാൽ നാട്ടുകാർ ആരോഗ്യവകുപ്പിനെ വിവരമറിച്ചു. തുടർന്ന് ജില്ലാഭരണകൂടമെത്തി ഇയാളുടെ സാമ്പിളുകൾ എടുക്കുകയും രോഗംസ്ഥിരീകരിക്കുകയുമായിരുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലാണ് കൂടുതൽ പേരെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുന്നത്. രോഗ ലക്ഷണങ്ങലില്ലാത്തവരിലേക്കും രോഗം പടർന്നാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.