കൊച്ചി: ജനതാ കർഫ്യൂ ദിനമായ നാളെ പൊതുമേഖല എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കുമെന്ന് എണ്ണക്കമ്പനികളുടെ സംസ്ഥാന കോർഡിനേറ്ററും ഇന്ത്യൻ ഓയിൽ കേരളയുടെ സംസ്ഥാന തലവനും ജനറൽ മാനേജരുമായ വി.സി. അശോകൻ അറിയിച്ചു.
അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണു പെട്രോൾ പമ്പുകൾ തുറക്കുകയെന്നും പമ്പുകളിൽ കുറച്ച് ജീവനക്കാരെ ഉണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടാൻ തീരുമാനിച്ചതായി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് ആർ. ശബരിനാഥ് നേരത്തേ അറിയിച്ചിരുന്നു.