ടോക്കിയോ: കൊറോണ (കൊവിഡ്-19) വൈറസ് ബാധയെ തുടർന്നു ജപ്പാൻ തീരത്ത് ക്വാറന്റൈൻ ചെയ്തിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാർ മരിച്ചു. ഒരാൾ കൊറോണ ബാധയെ തുടർന്നും മറ്റൊരാൾ ന്യുമോണിയ ബാധിച്ചുമാണു മരിച്ചത്. മരിച്ചവർക്ക് 80 വയസിനുമേൽ പ്രായമുണ്ടെന്നാണ് റിപ്പോർട്ട്.കൊറോണ ബാധ സ്ഥീകരിച്ച ശേഷം ഇവരെ കപ്പലിൽനിന്നു ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു കൊറോണ ബാധിച്ചിരിക്കുന്നത് ഈ കപ്പലിലാണ്. 621 പേർക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്.
3700 പേരാണ് കപ്പലിലുണ്ടായിരുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം കൊറോണ ബാധിയില്ലെന്നു കണ്ടെത്തിയവരെ പുറത്തുവിട്ടു തുടങ്ങിയതായി ജപ്പാനീസ് ആരോഗ്യമന്ത്രി അറിയിച്ചു. മറ്റുള്ളവരെ ഉടൻതന്നെ വിട്ടയയ്ക്കും. 150 ഓസ്ട്രേലിയൻ സഞ്ചാരികൾ ഇപ്പോൾതന്നെ ഡാർവിനിൽ എത്തിക്കഴിഞ്ഞു. 74 ബ്രിട്ടീഷ് പൗരൻമാർ വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കും.
അതേസമയം കൊറോണ ബാധിച്ച് 2118 പേർ ചൈനയിൽ മരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ കൊറോണ ബാധയുടെ ശക്തി കുറയുന്നുവെന്നാണ് സൂചന. 394 പുതിയ കേസുകൾ രേഖപ്പെടുത്തിയപ്പോൾ, 114 മരണങ്ങൾ മാത്രമാണുണ്ടായത്. കഴിഞ്ഞ ദിവസം 1749 കേസുകൾ സ്ഥിരീകരിച്ചിരുന്നു. . 75,000ൽ അധികംപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.