അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ നാട്ടിലെ വികസനം അമേരിക്കൻ പ്രസിഡന്റിനെ ‘കാണിക്കാൻ ‘ മതിൽ കെട്ടി മറയ്ക്കുന്നു. ഇന്ത്യ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടന്നുപോകുന്ന ഗുജറാത്തിലെ പ്രദേശങ്ങളിലാണ് തിരക്കിട്ട് മതിൽ കെട്ടൽ.
അഹമ്മദാബാദ് വിമാനത്താവളം മുതൽ ഗാന്ധിനഗർ വരെയുള്ള പ്രദേശങ്ങളിലെ ചേരിപ്രദേശങ്ങൾ ട്രംപ് കാണാതിരിക്കാനാണ് ഏഴടി ഉയരത്തിൽ വൻമതിൽ നിർമാണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം 24ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ട്രംപ് സബർമതി ആശ്രമം വരെ 10 കിലോമീറ്റർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് റോഡ് ഷോ നടത്തുന്നത്.
റോഡ് ഷോ കടന്നുപോകുന്ന സർദാർ വല്ലഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളവും ഇന്ദിര പാലവും തമ്മിൽ ചേരുന്ന സ്ഥലത്താണ് അതിവേഗതയിൽ മതിൽ ഉയരുന്നത്. അനേകം പേർ താമസിക്കുന്ന ചേരി പ്രദേശങ്ങളും കുടിലുകളും ഇതു വഴി മറയ്ക്കപ്പെടും.
അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.50 കോടിയുടെ നിർമാണങ്ങളാണ് അഹമ്മദാബാദിൽ പുരോഗമിക്കുന്നത്. 16 റോഡുകളുടെ നവീകരണവും വഴിവിളക്കുകളുടെ അറ്റകുറ്റപണികളും പൂർത്തിയായി വരുന്നു. ട്രംപിന്റെ വരവോടെ കുറെ റോഡുകൾക്കെങ്കിലും ശാപമോക്ഷമായി.വർഷങ്ങൾക്കുശേഷമാണ് ഗുജറാത്തിൽ റോഡുകളുടെ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും മാധ്യമങ്ങൾ പറയുന്നു.