ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് ബ്രിട്ടീഷ് ധനമന്ത്രി

ലണ്ടൻ: ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനാക്കിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിയമിച്ചു. സ്വതന്ത്ര ബ്രിട്ടന്റെ സാമ്പത്തിക നില കൂടുതൽ മെച്ചപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമായിരിക്കും ഋഷി ഏറ്റെടുക്കേണ്ടി വരിക.
ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുടെ ഭർത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന ഇന്ത്യൻ വംശജനാണ് അദ്ദേഹം.
ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സർക്കാർ പദവിയിലേക്കാണ് ഋഷിയുടെ ഉയർച്ച. ഋഷി ചുമതല ഏൽക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപമുള്ള ധനമന്ത്രിയുടെ ഓഫീസ് ഇനി ശ്രദ്ധാകേന്ദ്രമാകും.
റിച്ച്മണ്ടിലെ എംപിയാണ് ഋഷി സുനാക്.മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ
പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയിൽനിന്ന് രാജിവച്ചതിന് പകരമാണ് ഋഷിയുടെ സ്ഥാനലബ്ധി.