ലണ്ടൻ: ബ്രിട്ടന് സ്വാതന്ത്ര്യം. സൂര്യനസ്തമിക്കാത്ത രാജ്യമെന്ന് വിശേഷിക്കപ്പെട്ടിരുന്ന ബ്രിട്ടനിൽ പുത്തൻ സൂര്യോദയം.ദീർഘനാൾ നീണ്ട തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും അനിശ്ചിതത്വത്തിനും താൽക്കാലിക വിരമം. ഇന്ന് രാത്രി 11 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു ഔദ്യോഗികമായി സ്വതത്രമാകുന്നു.
ഇതിനു മുന്നോടിയായി രാത്രി 10-ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തുന്നതോടെ യൂറോപ്പിൽ ബ്രെക്സിറ്റിന് ഒൗദ്യോഗിക വിളംബരമാകും.എന്നാൽ ഔദ്യോഗിക ആഘോഷങ്ങൾ ഉണ്ടാകില്ല.
പുതിയ തുടക്കമായാണ് രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും ഇതിനെ കാണുന്നത്.വിയോജിക്കുന്നവരും കുറവല്ല. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് സ്വതന്ത്രമാകുന്നതോടെ യൂണിയനിലെ അംഗസംഖ്യ 27 ആയി കുറയും.47 വർഷങ്ങൾക്ക് ബ്രിട്ടൻ കൂട്ടായ്മയിൽ നിന്ന് സ്വയം പുറത്താകുന്നത്.ബ്രിട്ടന്റെ പുരോഗതിക്ക് പുതിയ തീരുമാനം എത്രത്തോളം ഗുണം ചെയ്യുമെന്നറിയാൻ കാത്തിരിക്കണം
2016 ജൂണ്‍ 23-നായിരുന്നു യൂറോപ്യൻ യൂണിയന്റെ ഭാഗമായി തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ബ്രിട്ടനിൽ ബ്രെക്സിറ്റ് ഹിതപരിശോധന നടത്തിയത്. ഇതിൽ 51.89 ശതമാനം പേർ ബ്രെക്സിറ്റിനെ അനുകൂലിച്ചപ്പോൾ 48.11 ശതമാനം പേർ എതിർത്തു വോട്ടു ചെയ്തു.
ബ്രെക്സിറ്റിനെ എതിർത്ത അന്നത്തെ പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ രാജിവച്ചു. മൂന്നര വർഷത്തെ നടപടി ക്രമങ്ങൾക്കു ശേഷമാണ് ഇപ്പോൾ ബ്രെക്സിറ്റ് യാഥാർഥ്യമാകുന്നത്. കാമറോണിനു ശേഷമെത്തിയ പ്രധാനമന്ത്രി തെരേസ മേ ബ്രെക്സിറ്റ് നടപ്പാക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു രാജിവയ്ക്കേണ്ടി വന്നു.
ബ്രെക്സിറ്റിനെ അനുകൂലിച്ച പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാണ് ഇപ്പോൾ ബ്രെക്സിറ്റ് നടപ്പിലാക്കുന്നത്. ഇന്ന് ബ്രെക്സിറ്റ് നടപ്പായാലും ഡിസംബർ 31 വരെ രാജ്യത്തെ ബാധിക്കില്ല. ഇതിനകം യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ വ്യാപാര കരാറും സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്തു തീരുമാനിക്കും. അതിനുശേഷം മാത്രമേ ഇതിന്റെ ഗുണദോഷങ്ങൾ രാജ്യത്ത് അനുഭവപ്പെടുകയുള്ളൂ. ഒറ്റയ്ക്കാണെന്ന ചിന്ത ഓരോ ബ്രിട്ടിഷുകാരനും ഉൾക്കൊണ്ടുവെന്നാണ് വിലയിരുത്തൽ.