ന്യൂഡെല്‍ഹി: പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും വിൽക്കാൻ കേന്ദ്ര സർക്കാർ.
പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കുന്നതിനിടെയാണ് എയർ ഇന്ത്യയും വിൽക്കാൻ നീക്കം. ആരും വാങ്ങാനെത്തിയിലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനം.
100 ശതമാനം ഓഹരികളും വിറ്റഴിക്കാനൊരുങ്ങി എയര്‍ ഇന്ത്യ താൽപര്യപത്രം ക്ഷണിച്ചു. മാര്‍ച്ച് 17 ആണ് താൽപര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി.
നിലവിൽ പ്രതിദിനം 26 കോടിയാണ് എയർ ഇന്ത്യയുടെ നഷ്ടം.
രണ്ടു വർഷം മുമ്പ് ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. 76 ശതമാനം ഓഹരികളാണ് അന്ന് വിൽപ്പനയ്ക്കായി വച്ചത്. ആരും താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനം.രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ നേരത്തേ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയർ ഇന്ത്യ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും വിദേശ കമ്പനിയാണെന്നതിനാൽ ഇടപാട് നടന്നില്ല.
കമ്പനിക്ക് നിലവിൽ 23000 കോടിയുടെ കടമുണ്ട്. കടവും ബാധ്യതകളും പൂര്‍ണമായും ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കണം. വിദേശകമ്പനികള്‍ക്ക് പൂര്‍ണ ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു. നിലവിൽ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലാണ്.