ബെയ്ജിംഗ്: ലോകം വീണ്ടും കോറോണ വൈറസ് ബാധയുടെ ഭീതിയിൽ. ആദ്യ ഇടവേളയിൽ തെല്ലൊന്നു ശമിച്ച വൈറസ്ബാധ പല രാജ്യങ്ങളിലും ശക്തമായി പടരുന്നതായാണ് റിപ്പോർട്ടുകൾ.ലോകമെമ്പാടും ആയിരത്തിലധികം പേർക്ക് ഏറ്റവുമൊടുവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലടക്കം 850 പേർക്ക് ചൈനയിൽ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിൽ 250 ൽ ഏറെ പേരുടെ നില ഗുരുതരമാണ്. വൈറസ് ബാധിച്ച നിരവധി പേരെ രക്ഷിച്ച ഒരു ഡോക്ടർ മരിച്ചതോടെ ജനങ്ങളുടെ ആശങ്ക വർധിച്ചു. 13 നഗരങ്ങളിൽ രോഗഭീതിയെ തുടർന്ന് യാത്രാവിലക്ക് ഏർപ്പെടുത്തി.
വുഹാനിൽ നിന്ന് ഓസ്ട്രലിയായിലെത്തിയ ഒരു ചൈനക്കാരന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതോടെ ഇവിടെയും ഭീതി പരന്നിട്ടുണ്ട്.
ഇന്ത്യയിൽ 11 പേർ നീരീക്ഷണത്തിലാണ്. എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയിൽ മൂന്നും കേരളത്തിൽ ഏഴും ഹൈദരാബാദിൽ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ചൈനയിൽ നിന്ന് തിരിച്ചെത്തിയ നാലുപേർക്ക് രോഗമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
മലേഷ്യയിൽ മൂന്നുപേർക്ക് കൊറോണ വൈറസ്ബാധ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത് മലേഷ്യയിലാണ്.
ഫ്രാൻസിലും വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്ക, വിയറ്റ്നാം, തായ്ലൻഡ്, സിംഗപ്പൂർ, തായ്വാൻ, ജപ്പാൻ, ദക്ഷിണകൊറിയ, എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്.