
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന മെഗാ സത്യപ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം എട്ട് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ചയാണ് ഉത്തരാഖണ്ഡിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ധാമി തെരഞ്ഞെടുക്കപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പുഷ്കര്‍ സിംഗ് ധാമി തോറ്റെങ്കിലും അദ്ദേഹത്തെ ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ നിയുക്ത ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉത്തര്‍പ്രദേശ് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന് ബിജെപി നേതാവ് വസുന്ധര രാജെ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മറ്റ് ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
പുതിയ മന്ത്രിസഭയില്‍ ചന്ദന്‍ രാംദാസ്, പ്രേംചന്ദ് അഗര്‍വാള്‍, സൗരഭ് ബഹുഗുണ എന്നിവരുള്‍പ്പെടെ മൂന്ന് പുതുമുഖങ്ങളാണ് ഉള്ളത്. സത്പാല്‍ മഹാരാജ്, ധന് സിംഗ് റാവത്ത്, രേഖ ആര്യ, ഗണേഷ് ജോഷി, സുബോധ് ഉനിയാല്‍ എന്നിവര്‍ തുടര്‍ച്ചയായി രണ്ടാം തവണ മന്ത്രിയാകുന്നവരാണ്. കഴിഞ്ഞ നിയമസഭയില്‍ സ്പീക്കറായിരുന്ന പ്രേംചന്ദ് അഗര്‍വാള്‍ സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
70 അംഗ നിയമസഭയില്‍ 47 സീറ്റുമായി ബിജെപി ഭരണ നിലനിര്‍ത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ധാമി തോറ്റത് വലിയ തിരിച്ചടിയായിരുന്നു. സ്വന്തം സീറ്റില്‍ തോറ്റെങ്കിലും കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ പാര്‍ട്ടിയെ അധികാര തുടര്‍ച്ചയിലേക്ക് നയിച്ചതാണ് ധാമിക്ക് തുണയായത്. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബിജെപി പരീക്ഷിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പിന് ഏഴ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ധാമി മുഖ്യമന്ത്രിയാകുന്നത്.