ചങ്ങനാശ്ശേരി: സെന്റ് ബർക്കുമാൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിട്ടുള്ള ബർക്കുമാൻസ് അവാർഡിന് മാന്നാനം കെ ഇ കോളേജ് പ്രിൻസിപ്പൽ ഡോ ഐസൺ വി വഞ്ചി പുരയ്ക്കൽ അർഹനായി. 25,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ഈ അവാർഡിനു പരിഗണിക്കുന്നത് കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ മികച്ച അധ്യാപരെയാണ്.
അധ്യാപന- ഗവേഷണ രംഗങ്ങളിലെ മികവുറ്റ സംഭാവനകൾ, സാമൂഹിക രംഗങ്ങളിലെ സേവനം എന്നിവയാണ് അവാർഡ് നിർണയത്തിന്റെ മാനദണ്ഡങ്ങൾ. 1998 മുതൽ നൽകിവരുന്ന ഈ പുരസ്കാരത്തിന്റെ ഇരുപത്തിനാലാമത്തെ സ്വീകർത്താവാണ് ഡോ. ഐസൺ വി വഞ്ചിപ്പുരയ്ക്കൽ.
മെറ്റീരിയൽ സയൻസിൽ ന്യൂഡൽഹി ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഇദ്ദേഹം പ്രശസ്തങ്ങളായ അന്താരാഷ്ട്ര ജേണലുകളിലെ 17 പ്രബന്ധങ്ങളുടെ ഉടമയാണ്. 11 ടെക്സ്റ്റ് ബുക്കുകളും രചിച്ചു. ബാംഗ്ലൂരിലെ ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് സമ്മർ ഫെലോഷിപ്പ് രണ്ടുതവണ നേടിയിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജിൽ ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന ഡോ. ഐസൺ ഈ വർഷമാണ് മാന്നാനം കെ ഇ കോളേജിലെ പ്രിൻസിപ്പൽ പദവി ഏറ്റെടുത്തത്.