ലണ്ടൻ: അമേരിക്കയും ബ്രിട്ടനും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. നാലുപ്രമുഖ റഷ്യൻ ബാങ്കുകളെ വിലക്കിയതിനു പുറമേ ഇറക്കുമതി–കയറ്റുമതി നിയന്ത്രണങ്ങളും പ്രാബല്യത്തിലായി. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെയും വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവിന്റെയും യൂറോപ്പിലെ സ്വത്തുക്കൾ മരവിപ്പിക്കാനും യൂറോപ്യൻ യൂണിയൻ (ഇയു) തീരുമാനിച്ചു.
യൂറോപ്പിൽ ഇരുവർക്കും സ്വന്തം പേരിൽ കാര്യമായ സമ്പാദ്യം ഉണ്ടോയെന്നു വ്യക്തമല്ല. യൂറോപ്യൻ യൂണിയൻ അംഗീകരിച്ച മൂന്നാം ഘട്ട ഉപരോധങ്ങൾ ഇന്നലെ ഇയു വിദേശകാര്യമന്ത്രിമാരുടെ യോഗം ചർച്ച ചെയ്തു. നിഷ്പക്ഷ നിലപാടുള്ള സ്വിറ്റ്സർലൻഡും ഉപരോധം അംഗീകരിച്ചു. ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും വിവിധ മേഖലകളിൽ റഷ്യയ്ക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യൂറോപ്പിലുള്ള റഷ്യയുടെ ബാങ്കിങ്– ധനകാര്യ സ്ഥാപനങ്ങളും പ്രതിരോധ രംഗത്തെ അടക്കം സർക്കാർ കമ്പനികളുടെ 70 ശതമാനവും പുതിയ ഉപരോധത്തിനു കീഴിൽ വരും. രാജ്യാന്തര വിപണിയുടെ ഭാഗമായി മാറിക്കഴിഞ്ഞ റഷ്യയിലെ വൻകിട ബാങ്കുകളുടെ സ്വത്തുക്കൾ മരവിപ്പിക്കപ്പെടുന്നതോടെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും.
ലണ്ടൻ ഓഹരി വിപണിയിൽ റഷ്യയുടെ സർക്കാർ കടപ്പത്ര വിതരണം വിലക്കി. സെമികണ്ടക്റ്റർ, കംപ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ, ഐടി സുരക്ഷാ ഉപകരണങ്ങൾ, ലേസർ, സെൻസർ എന്നിവയുടേത് അടക്കം സാങ്കേതികവിദ്യ വസ്തുക്കളുടെ കയറ്റുമതിക്കു യുഎസ് വിലക്ക് ഏർപ്പെടുത്തി.റഷ്യയിലെ നൂറോളം പ്രമുഖ വ്യക്തികളും വിലക്ക് നേരിടും.
ഇവരുടെ വിദേശയാത്രകളും രാജ്യാന്തര പണമിടപാടുകളും തടയും. രാജ്യാന്തര ധനകാര്യ ഇടപാടു സംവിധാനമായ ‘സ്വിഫ്റ്റി’ൽ നിന്ന് റഷ്യയെ പുറത്താക്കണമെന്ന യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളുടെ ആവശ്യത്തോടു ജർമനിയും യോജിച്ചതായി റിപ്പോർട്ടുണ്ട്.