ഡെറാഡൂൺ: മാപ്പു പറഞ്ഞ് കോൺഗ്രസിൽ തിരികെയെത്താൻ മുൻ മന്ത്രി ഹരക് സിംഗ് റാവത്ത്.
മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്നും നൂറു തവണ മാപ്പുപറയാൻ തയാറാണെന്നും ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട ഹരക് സിംഗ് റാവത്ത് വ്യക്തമാക്കി. എക്സിറ്റ് പോളിൽ ഉത്തരാഖണ്ഡിൽ കോൺഗ്രസിന് സാധ്യത പ്രവചിച്ചതിന് പിന്നാലെ ഹരക് സിംഗ് റാവത്ത് പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.
2016ൽ ഹരക് സിംഗ് ഉൾപ്പെടെയുള്ള കോൺഗ്രസ് വിമതരുടെ നീക്കമാണു ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണത്തിനു കാരണമായത്. ഒടുവിൽ സുപ്രീംകോടതി ഇടപെടലിലൂടെ ഹരീഷ് റാവത്ത് മുഖ്യമന്ത്രിസ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. തന്റെ തെറ്റിനു ഹരക് സിംഗ് മാപ്പുപറഞ്ഞാലേ കോൺഗ്രസിൽ തിരിച്ചെ ടുക്കൂ എന്ന് പലതവണ ഹരീഷ് റാവത്ത് പ്രസ്താവിച്ചിരുന്നു.
ഞായറാഴ്ചയാണ് ഹരക് സിംഗ് റാവത്തിനെ ബിജെപിയിൽനിന്നു പുറത്താക്കിയത്. മന്ത്രിസ്ഥാനത്തുനിന്നും ഇദ്ദേഹത്തെ നീക്കിയിരുന്നു.