ന്യൂഡെൽഹി: പാർലമെന്റിലെ 400ൽ അധികം ജീവനക്കാർക്ക് കൊറോണ ബാധിച്ചതിനെ തുടർന്ന് ഇരു സഭകളിലെയും ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപെടുത്തി. ലോകസഭയിലെ 200 ജീവനക്കാർക്കും രാജ്യസഭയിലെ 65 ജീവനക്കാർക്കും പുറമെ 133 പൊതു ജീവനക്കാർക്കുമാണ് ജനുവരി നാല് മുതൽ എട്ടു വരെ നടത്തിയ പരിശോധനയിൽ കൊറോണ പോസിറ്റീവായത്.
കൂടുതൽ രോഗ വ്യാപനം ഉണ്ടാകുന്നത് തടയുന്നതിനായി രാജ്യസഭയിലെയും ലോക്സഭയിലെയും അണ്ട ർസെക്രട്ടറി മുതൽ താഴേക്കുള്ള 50 ശതമാനം ജീവനക്കാർ മാത്രം ഓഫീസിൽ എത്തിയാൽ മതിയെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം അറിയിച്ചു. ഉദ്യോഗസ്ഥരിൽ ഗർഭിണികളും അംഗപരിമിതരുമായവർ ഓഫീസിൽ എത്തേണ്ടതില്ല.
ഓഫീസിൽ തിരക്ക് ഉണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർ രാവിലെ ഓഫീസിലേക്ക് എത്തുകയും വൈകിട്ട് ഓഫീസിൽ പോകുകയും ചെയ്യുന്ന സമയം ക്രമീകരിക്കണം. രാജ്യസഭ അദ്ധ്യക്ഷൻ എം. വെങ്കയ്യ നായിഡു രാജ്യസഭ സെക്രട്ടറി ജനറൽ പി.സി മോദി അഡ്വൈസർ രാമചാര്യലു എന്നിവരുമായി ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ബഡ്ജറ്റ് സമ്മേളനം കണക്കിലെടുത്ത് പാർലമെന്റ് ജീവനക്കാർക്ക് ഇടയിൽ കൊറോണ വ്യാപനം ഉണ്ടാകുന്നത് തടയാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപെടുകയും ചെയ്തു.