തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കി. യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തിലാണ് ‘സിൽവർ ലൈൻ ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ’ എന്ന ലഘുലേഖ പ്രകാശനം ചെയ്തത്. പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായ ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും. പ്രതിപക്ഷമുന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകാൻ അനുവദിക്കില്ല. മുഖ്യമന്ത്രി പദ്ധതി നടത്തുമെന്നാണ് പറയുന്നതെങ്കിൽ നടത്തില്ലെന്ന് തന്നെയാണ് തങ്ങളുടെ മറുപടിയെന്നും യു.ഡി.എഫ് വ്യക്തമാക്കി.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങൾ നടത്താതെയുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രേഖ കുറ്റപ്പെടുത്തുന്നു. 64941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തെ തെക്ക്-വടക്ക് വൻമതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മിൽ വേർതിരിക്കുന്ന വൻകോട്ടയായി മാറും.
പരിസ്ഥിതി ആഘാത പഠനം പേരിനു മാത്രമാണ് നടത്തിയത്. പദ്ധതി നിലവിൽ വന്നാൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തിൽ മാറ്റംവരുമെന്നും 164 സ്ഥലങ്ങളിലെ ജലനിർഗമന മാർഗങ്ങൾ തടസ്സപ്പെടുമെന്നും സർക്കാർ നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്.