ലണ്ടൻ: കൊറോണയുടെ തീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയേക്കാൾ വേഗത്തിൽ ഇംഗ്ലണ്ടിൽ പടരുന്നു. യുകെയിൽ ക്രിസ്മസോടെ ഒമിക്രോൺ കേസുകൾ 60,000 ആയി ഉയർന്നേക്കാമെന്ന് സാംക്രമികരോഗ വിദഗ്ധൻ ജോൺ എഡ്മണ്ട്സ്.
പരിശോധനകളിലൂടെ സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഒമിക്രോൺ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ ജോലി ചെയ്യുന്ന എഡ്മണ്ട്സിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ അവസ്ഥയിൽ ഡിസംബർ അവസാനത്തോടെ രാജ്യത്ത് ഒമിക്രോൺ കേസുകൾ ദശലക്ഷം കവിയുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ബുധനാഴ്ച ഹൗസ് ഓഫ് കോമൺസിൽ അറിയിച്ചിരുന്നു. ആ സമയത്ത് ഏകദേശം 10,000 കേസുകളാണ് നിലവിലുണ്ടായിരുന്നത്- ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ടാഴ്ചത്തെ ഒമിക്രോണിന്റെ വളർച്ചാ നിരക്കും ഇരട്ടിയാകാൻ എടുക്കുന്ന സമയവും പരിശോധിച്ചാൽ വരുന്ന രണ്ട് മുതൽ നാല് ആഴ്ചകൾ വരെയുള്ള കോവിഡ് കേസുകളിൽ പകുതിയും ഒമിക്രോൺ ആയിരിക്കുമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി പറയുന്നു. എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഒമിക്രോൺ വ്യാപനം തടയാനുള്ള മാർഗമെന്ന് എഡ്മണ്ട്സ് ചൂണ്ടിക്കാട്ടി.