ഇനി മുതൽ ലഹരി ഉപയോഗിക്കുന്നവർ ഇരകൾ; നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻഡിപിഎസ്എ) നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്യും. എന്നാൽ ലഹരിക്കടത്ത് ക്രിമിനൽ കുറ്റമായി തന്നെ തുടരും.

ചെറിയ തോതിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്കരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ സമവായത്തിലെത്തിയിട്ടുണ്ട്.

എൻഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഈ വകുപ്പ് പ്രകാരം നിലവിൽ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്. പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമായിരുന്നു ഇത്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. ഇത്തരക്കാർക്ക് 30 ദിവസത്തെ കൗൺസിലിങ് ഉൾപ്പെടെ നൽകാനാണ് തീരുമാനം.

അതേസമയം എത്ര അളവിൽ വരെ ലഹരി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.