സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. സീറ്റുകളുടെ കുറവ് നികത്തുന്നകിന് വേണ്ടിയാണ് നടപടി. സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടും പ്രശ്നത്തില്‍ പരിഹാരമായില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ താല്‍ക്കാലികമായി പുതിയ ബാച്ചുകള്‍ അനുവദിക്കാനും മന്ത്രിസഭ യോഗത്തില്‍ ഉത്തരവിറങ്ങി.

നിലവില്‍ സീറ്റുകള്‍ കുറവുള്ള ഇടങ്ങളില്‍ 10 ശതമാനം ആയി ഉയര്‍ത്തി. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. അപേക്ഷ നല്‍കുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ദ്ധനവിന്റെ 20 ശതമാനം സീറ്റുകളാണ് വര്‍ധിപ്പിച്ചത്.

സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി. പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. എല്ലാവര്‍ക്കും സീറ്റ് ഉറപ്പാണെന്നും നവംബര്‍ 1,2,3 തിയതികളില്‍ പ്രവേശനം നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലുള്ള പ്രവേശനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കും. ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നവംബര്‍ 9,10 തീയതികളില്‍ പൂര്‍ത്തീകരിക്കും.

ആവശ്യമുള്ള പക്ഷം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകള്‍ നവംബര്‍ 19 വരെ സ്വീകരിക്കുന്നതാണ്.