കുഞ്ഞിനെ തിരികെ കിട്ടാന്‍ നിരാഹാര സമരത്തിന് ഒരുങ്ങി അനുപമ

തിരുവനന്തപുരം: അനധികൃതമായി ദത്തുനല്‍കിയ കുഞ്ഞിനെ തിരികെ കിട്ടാന്‍ അമ്മ അനുപമ സമരത്തിലേക്ക്. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സെക്രെട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്യാന്‍ ആണ് തീരുമാനം. കുഞ്ഞിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ആണ് അനുപമ നാളെ സമരത്തിന് ഒരുങ്ങുന്നത്. വനിതാ കമ്മീഷന്‍ ഓഫീസിനു മുന്നിലും പ്രതിഷേധിക്കുമെന്നു അനുപമ അറിയിച്ചു.

മുന്‍ എസ്.എഫ്.ഐ. നേതാവ് അനുപമ എസ്.ചന്ദ്രന്‍ മാതാപിതാക്കള്‍ക്കെതിരെ രംഗത്ത് വന്നതോടെയാണ് വിഷയത്തില്‍ പാര്‍ട്ടിയും പ്രതിസന്ധിയിലായത്. തുടക്കത്തില്‍ താത്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ഏപ്രില്‍ മുതലാണ് അനുപമയും അജിത്തും കുഞ്ഞിനായുള്ള പോരാട്ടത്തില്‍ ഉറച്ച്‌ നില്‍ക്കുന്നത്. രക്ഷിതാക്കള്‍ ചോരക്കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയായിരുന്നു ഇരുവരും ഉന്നയിച്ചിരുന്നത്. പേരൂര്‍ക്കട പൊലീസില്‍ പരാതിപ്പെട്ടങ്കിലും പൊലീസും പാര്‍ട്ടിക്കാരനായ പിതാവിനൊപ്പം നിന്നെന്നാണ് വിവരം. ഡി.ജി.പിക്ക് അടക്കം പരാതി നല്‍കിയെങ്കിലും നാലുമാസം പരാതിയില്‍ അന്വേഷണം നടത്താതിരുന്നതോടെയാണ് പോലീസ് ഇടപെടല് ദുരൂഹമായത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും ഏപ്രിലില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. അനുപമയ്ക്ക് പിറന്നത് ആണ്‍കുട്ടി ആയിരുന്നിട്ടും ശിശുക്ഷേമ സമിതി റെക്കോര്‍ഡില്‍ കുട്ടി പെണ്‍കുട്ടിയാണെന്നാണ് ചേര്‍ത്തിരിക്കുന്നത്.

2020 ഒക്ടോബര്‍ 22നാണ് വൈകിട്ടോടെ തന്റെ കുഞ്ഞിനെ ശിശുക്ഷേമ സിമിതിക്ക് പിതാവ് നല്‍കിയതെന്ന് അനുപമ പറയുന്നത്. അമ്മതൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ പെണ്‍കുഞ്ഞാണെന്ന് രേഖപ്പെടുത്തി. കൊറോണ പരിശോധന നടത്തിയപ്പോഴാണ് ആണ്‍കുഞ്ഞാണെന്ന് മനസിലായതെന്ന് അധികൃതരുടെ വിചിത്രവാദം.