തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച മള്‍ട്ടിപ്ലക്സ് അടക്കമുള്ള സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും തുറക്കുന്നു. 25 മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനച്ചതിനാല് 22ന് സര്‍ക്കാരുമായി തിയേറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും.
കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതോടെ 25 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തിയേറ്ററുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നികുതി അടക്കമുള്ള ചില ആവശ്യങ്ങള്‍ ഉടമകള്‍ മുന്നോട് വെച്ചതോടെ 25ന് തിയേറ്ററുകള്‍ തുറക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് തിയേറ്റര്‍ തുറക്കാമെന്ന തീരുമാനത്തിലേക്ക് തിയേറ്റര്‍ ഉടമകള്‍ എത്തുകയായിരുന്നു.
തിയേറ്റര്‍ ഉടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ സര്‍്ക്കാരിന്റെ പ്രതികരണം ഇതുവരെ ലഭ്യമാകാത്ത സാഹചര്യത്തില്‍ കൂടിയാണ് തിയേറ്റര്‍ തുറക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കുക, കെട്ടിട നികുതിയില്‍ ഇളവ് അനുവദിക്കുക, വിനോദ നികുതിയില്‍ ഇളവ് നല്‍കുക എന്നീ ആവശ്യങ്ങളാണ് ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ തിയേറ്ററുകള്‍ ആറ് മാസത്തിന് ശേഷം തുറക്കുന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരായിരിക്കണം, പകുതിപ്പേരെ മാത്രമേ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാവു എന്നിങ്ങിനെയാണ് പ്രധാന നിബന്ധനകള്‍.