ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടും തുറന്നു. ഇന്നലെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന അണക്കെട്ടില്‍ റെഡ് അലേര്‍ട്ടിലേക്ക് നീങ്ങിയതിനാലാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി.

രാവിലെ 11 മണിയോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. അണക്കെട്ടിന്റെ രണ്ട്, മൂന്ന്, നാല് ഷട്ടറുകളില്‍ കൂടി സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം എന്നതോതിലാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. 2018 ലെ പ്രളയ കാലഘട്ടത്തിലാണ് ഇടുക്കി അണക്കെട്ട് ഇതിന് മുന്‍പ് തുറന്നത്. നേരത്തെ ഇടമലയാര്‍, പമ്പ അണക്കെട്ടുകളുടെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു.

നീരൊഴുക്ക് ശക്തമായതോടെയാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി സ്‌ക്കൂള്‍ കെട്ടിടങ്ങള്‍ ഏറ്റെടുത്തിരുന്നു. തങ്കമണി, ഉപ്പ്‌തോട്, വാത്തിക്കുടി, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലായി നൂറോളം കുടുംബങ്ങളോ അടിയന്തിര സാഹചര്യമുണ്ടായാല്‍ മാറ്റിപാര്‍പ്പിക്കും. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡാം സുരക്ഷാ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. 2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ 2398.02 പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ഷട്ടറുകള്‍ തുറക്കേണ്ടതുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.

മൂന്ന് ഡാമുകളും തുറക്കുന്ന പശ്ചാത്തലത്തില്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെ ആളുകള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.