സിനിമ മേഖലക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനം ഉടന്‍

കൊച്ചി: സിനിമ മേഖലക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. തിങ്കളാഴ്ച വിവിധ സിനിമാ സംഘടനകളുമായി സാംസ്കാരിക മന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ ഇതിന് അന്തിമരൂപം ആകും. ഈ മാസം 28ന് പുതിയ മലയാള സിനിമകളുടെ പ്രദര്‍ശനവുമായി തിയറ്ററുകള്‍ സജീവമാകും.

തിയറ്ററുകള്‍ തുറക്കുന്നതിന് മുന്നോടി ആയാണ് ചര്‍ച്ച. സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ട പാക്കേജ് ആണ് പ്രധാന അജണ്ട. പൂട്ടിക്കിടന്ന കാലയളവിലെ വിനോദ നികുതി, ഫിക്സഡ് ചാര്‍ജ് തുടങ്ങിയവ ഒഴിവാക്കുക, വൈദ്യുതി ചാര്‍ജ് അടക്കുവാന്‍ സാവകാശം തുടങ്ങിയവയാണ് തിയറ്റര്‍ ഉടമകളുടെ ആവശ്യം. ഇതുകൂടാതെ പത്തുലക്ഷം രൂപയുടെ ലോണും തൊഴിലാളികള്‍ക്ക് 25000 രൂപ ക്ഷേമനിധിയില്‍ നിന്ന് സാമ്പത്തിക സഹായവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചിത്രീകരണം നടത്തുന്ന സിനിമകള്‍ക്ക് വാടകയിനത്തില്‍ ഇളവു നല്‍കാന്‍ നിര്‍മ്മാതാക്കളും ആവശ്യപ്പെടും. ഈ മാസം തന്നെ പാക്കേജ് പ്രഖ്യാപിക്കും എന്നാണ് സിനിമ മേഖലയുടെ പ്രതീക്ഷ. കൊറോണ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് തിയറ്ററുകള്‍ അടച്ചത്.

ആറുമാസത്തിനു ശേഷം ആണ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നത്. എന്നാല്‍ 25ാം തിയതി തിങ്കളാഴ്ച ആയതിനാല്‍ എല്ലാ തിയറ്ററുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ ഭാരവാഹികള്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്, അജഗജാന്തരം, കുഞ്ചാക്കോ ബോബന്‍ ചിത്രം ഭീമന്‍റെ വഴി, ആറാട്ട് തുടങ്ങി ഒരുപിടി സിനിമകള്‍ ആണ് തിയറ്റര്‍ റിലീസ് കാത്തുനില്‍ക്കുന്നത്. നിലവില്‍ പകുതി സീറ്റുകളില്‍ ആളെ ഇരുത്തുന്നതിനാണ് അനുമതിയുള്ളത്. ക്രിസ്മസ് റിലീസ് എത്തുമ്പോഴേക്കും മുഴുവന്‍ സീറ്റിലും ആളെ കയറ്റാന്‍ ആകും എന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.