മുല്ല ഹസ്സൻ താലിബാൻ ഭീകര സർക്കാരിൽ ഭരണത്തലവൻ ; ബറാദർ ഉപപ്രധാനമന്ത്രി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താലിബാന്‍ ഭീകര നേതാവ് മുല്ല മുഹമ്മദ് ഹസ്സനാണ് പ്രധാനമന്ത്രി. മുല്ല ബറാദര്‍ ഉപപ്രധാനമന്ത്രിയാവും. താലിബാന്‍ ഭീകരരുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ മുല്ല ബറാദര്‍ ഭരണത്തലവന്‍ ആകും എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ അധികാര തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സാഹചര്യത്തില്‍ പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് മുല്ല മുഹമ്മദ് ഹസ്സനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ച്‌ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചതെന്ന് താലിബാന്‍ ഭീകരർ വ്യക്തമാക്കി. ഉപപ്രധാനമന്ത്രി മുല്ല ബറാദര്‍ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യും. താലിബാന്‍ ഭീകരരുടെ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ് യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാവായ മുല്ല മുഹമ്മദ് ഹസ്സന്‍.

താലിബാൻ ഭീകര മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധം സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയില്‍ അറിയപ്പെടുന്ന ഹസ്സന് പ്രധാനമന്ത്രി പദത്തിലേക്കുള്ള എളുപ്പവഴിയായി എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഹസ്സന്‍ പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്നയാളാണ്.