മുംബൈ: കൊറോണയില്‍ നിന്നും താരങ്ങളെ സുരക്ഷിതമാക്കാന്‍ പുതിയ നിയമങ്ങളുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. താൽകാലികമായി നിര്‍ത്തി വച്ചിരുന്ന ടൂര്‍ണമെന്റ് അടുത്ത മാസം യുഎഇയില്‍ ആരംഭിക്കും. സ്റ്റേഡിയത്തിന് പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ ഇനി മുതല്‍ ഉപയോഗിക്കില്ല.
ബോള്‍ ഗ്യാലറിയിലേക്കോ, സ്റ്റേഡിയത്തിന്റെ പുറത്തേക്കോ വീഴുകയാണെങ്കില്‍ നാലാം അമ്പയര്‍ അതിന് പകരം മറ്റൊരു ബോള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ആദ്യത്തെ ബോള്‍ വീണ്ടെടുക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണം. ഇത് പിന്നീട് ഉപയോഗിക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
കൊറോണ വൈറസ് ബോളില്‍ കൂടി പകരില്ലെന്നാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഒരു തവണ കൂടി താരങ്ങള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലായിട്ടാണ് പുതിയ നടപടി. യുഎഇ ആരാധകര്‍ക്ക് പ്രവേശനം ഉണ്ടാകും, ഏറ്റവും മുകളിലത്തെ നിരയില്‍ മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂ.
ഗ്രൗണ്ടില്‍ തുപ്പുന്നതിനും വിലക്കുണ്ട്. വാഷ് റൂമില്‍ മാത്രമാണ് ഇതിന് അനുമതി. കളിക്കാര്‍ ടവലോ, ടിഷ്യു പേപ്പറോ കൈയില്‍ കരുതണമെന്നും, കൃത്യമായി ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കണമെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ടീം ബസ് റണ്‍വേയിലായിരിക്കും താരങ്ങളെ ഇറക്കുക. തുടര്‍ന്ന് നേരിട്ട് വേദികളിലേക്ക് യാത്ര. സ്വകാര്യ, ആശുപത്രി ആവശ്യങ്ങള്‍ക്കായി പുറത്ത് പോകേണ്ടവര്‍ക്ക് ഐപിഎല്ലിന്റെ ഹെല്‍ത്ത് ടീമില്‍ നിന്നും അനുവാദം വാങ്ങിക്കണം.
മത്സര സമയത്ത് പാനീയങ്ങള്‍ ഓരോ കളിക്കാര്‍ക്കും പ്രത്യേകമായിരിക്കും. പരിശീലനത്തിന്റെ ഇടയിലോ കളിക്കിടയിലോ ആരാധകര്‍ താരങ്ങളുടേ അടുത്തേക്ക് വരികയോ ആലിംഗനം ചെയ്യുകയോ ചെയ്താല്‍ ഇട്ടിരിക്കുന്ന ജേഴ്സി മാറ്റേണ്ടതാണ്. മറ്റ് ടീം അംഗങ്ങളുമായുള്ള മീറ്റിങ്ങിന് മുന്‍പ് കൈകള്‍ വ്യത്തിയായി കഴുകണം.