ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എന്നാല്‍ ഏതൊക്കെ കളിക്കാരാണ് കൊറോണ പോസിറ്റീവ് അയതെന്ന വിവരം പുറത്തുവിടാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. അതേസമയം ചൊവ്വാഴ്ചത്തെ സന്നാഹ മത്സരത്തില്‍ ഇവര്‍ക്ക് കളിക്കാനാകില്ല.
സാധാരണയുള്ള പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊറോണ പോസീറ്റീവ് ആണെന്ന സ്ഥിരീകരിച്ചതെന്നും എന്നാല്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നുമാണ് റിപ്പോര്‍ട്ട്. രോഗ ബാധ സ്ഥിരീകരിച്ച താരങ്ങളെ ഐസൊലേഷനിലേക്ക് മാറ്റി.
ഇന്ത്യന്‍ ടീം വ്യാഴാഴ്ച ഡെര്ബനിലേക്ക് തിരിക്കാനിരിക്കെയാണ് ടീമംഗങ്ങള്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നത്. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ കരുതല്‍ വേണമെന്ന് ബിസിസിഐ മേധാവി ജയ് ഷാ യുകെയിലെ ഇന്ത്യന്‍ സംഘത്തിന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നലെയാണ് രോഗ ബാധ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ബയോബബിളില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ തങ്ങുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കൊറോണ വാക്സിന് സ്വീകരിച്ചത്. ബി സി സി ഐ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.