ന്യൂഡെല്‍ഹി: വരുന്ന ഒരു മാസത്തിനിടെ ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 40000 ത്തിന് അടുത്തെത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിലെ 652 പേർ എന്ന മരണ സംഖ്യ മെയ് അവസാനത്തോടെ 38220 ആയി മരണസംഖ്യ ഉയരുമെന്ന് സംയുക്ത പoന റിപ്പോർട്ട് വ്യക്തമാക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, മുംബൈ ഐഐടി, പുനെയിലെ സായുധ സേനയുടെ കീഴിലുളള മെഡിക്കല്‍ കോളജ് എന്നിവ സംയുക്തമായി നടത്തിയ പഠനമാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.
മെയ് പകുതിയോടെ കൊറോണ ബാധിതരുടെ എണ്ണവും കുത്തനെ ഉയരും. കൊറോണ വൈറസ് ബാധിതര്‍ ഇക്കാലയളവില്‍ അഞ്ചു ലക്ഷത്തില്‍പ്പരമായി ഉയരാമെന്ന് പഠന റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഈ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ 76000 ഐസിയു ബെഡുകള്‍ രാജ്യത്ത് വേണ്ടിവരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയാല്‍ ഭാവിയില്‍ കൊറോണ ബാധിതരുടെ എണ്ണം 30 ലക്ഷമായി ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊറോണ നേരിടാന്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് പഠനറിപ്പോര്‍ട്ട്.
കോവിഡ് 19 മെഡ് ഇന്‍വെന്ററി എന്നപേരിലുളള സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിനെ ആസ്പദമാക്കിയാണ് പ്രവചനം. ഇറ്റലിയിലും അമേരിക്കയിലും ഈ മാതൃകയെ അടിസ്ഥാനമാക്കി നടത്തിയ പ്രവചനങ്ങള്‍ ഏകദേശം ശരിവെക്കുന്നതാണ് അവിടങ്ങളില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ എന്ന് ഗവേഷകര്‍ പറയുന്നു.
ഏപ്രില്‍ 28 ഓടേ രാജ്യത്തെ മരണസംഖ്യ ആയിരം കടക്കും. മെയ് ആദ്യ ആഴ്ചയില്‍ ഇത് 3000 പിന്നിടും. മെയ് മൂന്നാമത്തെ ആഴ്ച, അതായത് 19-ാം തീയതിയോടെ ഇത് 38000 കടക്കുമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.