പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി

തിരുവനന്തപുരം: പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരീക്ഷയ്ക്ക് പോകുന്ന കുട്ടികൾക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരള സർവകലാശാല ബിരുദപരീക്ഷകൾ നാളെയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയുമാണ് ആരംഭിക്കുന്നത്. ബി.എസ്​സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക. സർവകലാശാലാപരിധിയിലുള്ള കോളജുകളിൽ വിദ്യാർഥികൾക്ക് വീടിനടുത്തുള്ള കോളജിൽ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതര സർവകലാശാലകളിലും തിങ്കളാഴ്ച പരീക്ഷ തുടങ്ങാനാണ് നിർദേശം. അതേസമയം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലടക്കം ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ഇന്ന് എത്താൻ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിയന്ത്രണം കാരണം പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്നം. കൊറോണ രണ്ടാംതരംഗത്തെ തുടർന്ന് മാറ്റിയ പരീക്ഷകളാണ് വൈകി തുടങ്ങുന്നത്.