തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഗൗരവത്തില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റപ്പോൾ പതിനാല് മന്ത്രിമാര്‍ പിണറായിയുടെ പാത പിന്തുടർന്ന് സഗൗരവത്തിലൂന്നി സത്യപ്രതിജഞയെടുത്തു. ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.
റവന്യൂ മന്ത്രി കെ രാജൻ വനം മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരും സിപിഎം മന്ത്രിമാരായ വി അബ്ദു റഹ്മാന്, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭയിലെ അവസാന അംഗമായി വീണ ജോർജും സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യവകുപ്പാണ് ആറന്മുള എംഎൽഎയായ വിണയ്ക്ക് ലഭിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഘടകകക്ഷി മന്ത്രിമാരുടെ ഊഴമായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായ സിപിഐയിലെ കെ.രാജനാണ് മുഖ്യമന്ത്രിക്ക് പിന്നാലെ സത്യവാചകം ചൊല്ലി അധികാരമേറ്റത്.
തുടർന്ന് കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ റോഷി അഗസ്റ്റിൻ, ജനതാദൾ – എസ് അംഗം കെ.കൃഷ്ണൻകുട്ടി, എൻസിപി അംഗം എ.കെ.ശശീന്ദ്രൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി.അബ്ദുറഹ്മാൻ (ഇടതു സ്വതന്ത്രൻ) എന്നിവരാണ് പിന്നാലെ അധികാരത്തിലേറിയ മന്ത്രിമാർ.
ഘടകകക്ഷി മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അക്ഷരമാല ക്രമത്തിലാണ് മറ്റുള്ളവർ അധികാരമേറ്റത്. അങ്ങനെയാണ് വീണാ ജോർജ് അവസാനമായത്