കൊച്ചി: തന്റെ മകൾക്ക് കൊറോണ ആണെന്ന് പറഞ്ഞുകൊണ്ട് അടിസ്ഥാനവിരുദ്ധമായ വാർത്ത നൽകിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴി രംഗത്തെത്തി ഗായിക അമൃത സുരേഷ്. മകളെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പൂർണ ആരോഗ്യവതിയായിരിക്കുന്ന തന്റെ മകൾക്ക് കൊറോണ വന്നുവെന്നും ഓൺലൈൻ മാധ്യമം വാർത്ത നൽകിയെന്നും സത്യവിരുദ്ധമായ വാർത്ത എന്ത് ചേതോവികാരത്തിന്റെ പേരിലാണ് നൽകിയതെന്നുമാണ് അമൃത തന്റെ വീഡിയോയിലൂടെ ചോദിക്കുന്നത്.
താൻ പുറത്താണ് എന്ന് പറഞ്ഞാൽ മറ്റാരുടെയെങ്കിലും കൂടെയാണ് എന്നല്ല അർത്ഥമെന്നും അമൃത പറയുന്നു. താനും മുൻ ഭർത്താവും തമ്മിൽ നടന്ന വ്യക്തിപരമായ സംഭാഷണം എങ്ങനെയാണ് ലീക്ക് ആയതെന്നും അമൃത ചോദിക്കുന്നു. തീർത്തും അടിസ്ഥാന വിരുദ്ധമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ താൻ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അമൃത തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
താനും മുൻ ഭർത്താവ് ബാലയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്‌ത റെക്കോർഡിംഗ് ഉപയോഗിച്ചുകൊണ്ടാണ് മാധ്യമം ഇങ്ങനെ വാർത്ത നൽകിയതെന്നും അമൃത ആരോപിക്കുന്നു. ഓൺലൈൻ മാധ്യമം അവരുടെ യൂട്യൂബ് പേജിലിട്ട ഫോൺ കോൾ റെക്കോർഡിംഗും അമൃത തന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മകളെ കാണണമെന്ന് ബാല പറയുന്നതും താൻ പുറത്താണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു കഴിയില്ല എന്ന് അമൃത പറയുന്നതും ഈ ഭാഗത്ത് കേൾക്കാം.
അമൃതയെ കുറിച്ച് മോശമായ അർത്ഥത്തോടെ ബാല സംസാരിക്കുന്നതും ഈ റെക്കോർഡിംഗിലുണ്ട്. ബാല അസംതൃപ്തനായി ഫോൺ വയ്ക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ശേഷം താനും കുടുംബവും ബാലയുടെ വീഡിയോ കോളിനായി കാത്തിരുന്ന കാര്യവും ഗായിക പറയുന്നു. ഏറെ നാൾ കാത്തിരുന്നിട്ടും ബാലയുടെ കോൾ വന്നില്ലെന്നും ഇക്കാര്യം താൻ ബാലയെ അറിയിച്ചിരുന്നു എന്നും അമൃത വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഫോൺ സന്ദേശത്തിന്റെ ഒരു സ്ക്രീൻഗ്രാബും അമൃത പുറത്തുവിട്ടിട്ടുണ്ട്.