പാലക്കാട്: തത്തമംഗലത്ത് കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് കുതിരയോട്ടം നടത്തിയ സംഘാടകർക്കെതിരെ കേസ്. അങ്ങാടിവേലയോട് അനുബന്ധിച്ചായിരുന്നു കുതിരയോട്ടം. 54, കുതിരകളാണ് പരിപാടിയിൽ പങ്കെടുത്തത്. റോഡിൻ്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ചുകൂടിയിരുന്നു.
മാസ്ക് ശരിയായി ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ജനങ്ങളുടെ തടിച്ചുകൂടൽ. തടിഞ്ഞുകൂടിയ ജനങ്ങൾക്കിടയിലേക്ക് ഒരു കുതിര പാഞ്ഞുകയറുകയും വീഴുകയും ചെയ്തു. കുതിരപ്പുറത്തുണ്ടായിരുന്ന ആൾക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുതിരയോട്ടം നിർത്തിവെപ്പിച്ചു.
തടിച്ചുകൂടിയ ജനങ്ങളെ ലാത്തിവീശി ഓടിക്കുകയും ചെയ്തു. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉത്സവത്തിന് മതപരമായ ചടങ്ങുകൾ മാത്രം നടത്തുന്നതിനായി സംഘാടകർ പൊലീസിനോടും നഗരസഭയോടും അനുമതി നേടിയിരുന്നു. തുടർന്ന് കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു.