മുംബൈ: കൊറോണയുടെ രണ്ടാം അതിവ്യാപനം രാജ്യത്ത് ഉണ്ടായതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. കനത്ത വില്പന സമ്മർദമാണ് വിപണിയുടെ കൂപ്പ്കുത്തലിന് കാരണം. സെൻസെക്സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. 3.44ശതമാനം നഷ്ടത്തിൽ സെൻസെക്സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, യുപിഎൽ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളാണ് വലിയ നഷ്ടമുണ്ടാക്കിയത്. ഫാർമ കമ്പനികളായ ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഡിവീസ് ലാബ്, തുടങ്ങിയ ഓഹരികളാണ് ഇന്നു ലാഭം ഉണ്ടാക്കിയത്.
സെൻസെക്സും നിഫ്റ്റിയും കൂപ്പുകുത്തിയതോടെ ഓഹരി നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് പത്തുലക്ഷം കോടിയിലധികം രൂപയാണ്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടും അതിനെ തുടർന്നുള്ള ഭയവുമാണ് വിപണിയെ പിന്നോട്ട് അടിച്ചത്.