തിരുവനന്തപുരം: അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ സ്വയം ന്യായീകരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണ്. ഇത് അവതരിപ്പിക്കും മുൻപ് തന്നോടൊന്ന് ചോദിക്കാമായിരുന്നു. ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമല്ല. സ്പീക്കർ എന്ന നിലയിൽ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല. അതിനാൽ സ്വപ്നയെ പറ്റി അറിയാൻ കഴിഞ്ഞില്ല. സ്വപ്നയോട് സൗഹാർദ്ദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. താൻ തെറ്റൊന്നും ചെയ്തിട്ടില്ല.
ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത്. താൻ വീണ്ടും മത്സരിക്കുമോയെന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ന് ഉച്ചക്ക് മുമ്പ് രണ്ട് മണിക്കൂർ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭ ചർച്ച ചെയ്യും. സ്വർണക്കടത്തിലും ഡോളർ കടത്തിലും ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.
ചർച്ച നടക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ ആകും സഭ നിയന്ത്രിക്കുക. ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാകും സ്പീക്കർ. ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ മറുപടി നൽകും. സ്വാഭാവികമായും പ്രമേയം വോട്ടിനിട്ട് തള്ളും. നേരത്തെ രണ്ട് സ്പീക്കർമാർക്കെതിരെ സഭയിൽ പ്രമേയം ചർച്ചയ്ക്ക് വന്നിരുന്നു. 2004ൽ വക്കം പുരുഷോത്തമനും 1982ൽ എ.സി. ജോസിനും എതിരായ പ്രമേയങ്ങൾ വോട്ടിനിട്ട് തള്ളിയിരുന്നു.