മുല്ലപ്പള്ളി സ്ഥാനമൊഴിയുന്നു; കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റാകും; തീരുമാനം വൈകില്ല

തിരുവനന്തപുരം: നിയമസഭാ മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചതോടെ കെ.സുധാകരൻ എംപിയെ കെപിസിസി പ്രസിഡൻ്റാക്കിയേക്കും.

കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡെൽഹിയിൽ വെച്ചുതന്നെയാണ് മുല്ലപ്പള്ളി തൻ്റെ താൽപര്യം ഹൈക്കമാൻഡിനെ അറിയിച്ചത്. ഉമ്മൻചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചുമതല ഹൈക്കമാൻഡ് ഏൽപിച്ചതിന് പിന്നാലെയാണിത്.

മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരനെ പ്രസിഡൻ്റാക്കുക. ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിക്കും. താത്കാലികമായി ചുമതല ഏറ്റെടുക്കാൻ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കെപിസിസി അധ്യക്ഷപദം പാർട്ടി ഏൽപിച്ചാൽ ചുമതല ഏറ്റെടുക്കാൻ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താൻ ഒരു ആർത്തിപ്പണ്ടാരമല്ലെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.

നിലവിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായ സുധാകരൻ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടാൽ പ്രതിപക്ഷ നേതൃസ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാൻഡ് നിർദേശം ഉള്ളതിനാൽ തത്കാലം എ ഗ്രൂപ്പും ഇതിൽ പരസ്യമായി എതിർപ്പ് ഉന്നയിക്കാനിടയില്ല.

മുന്നണി കൺവീനർ എം.എം, ഹസ്സന്റെ ചില പ്രസ്താവനകൾ, പ്രത്യേകിച്ച് വെൽഫയർ പാർട്ടി അമീറുമായുള്ള കൂടിക്കാഴ്ച അടക്കം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തെന്ന് ചില നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. അതിനാൽ ഇതോടൊപ്പം ഹസ്സനും സ്ഥാനചലനം ഉണ്ടാകുമോ എന്ന കാര്യത്തിലും വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടാകും.