തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ കാർഷിക നിയമത്തിനെതിരായ നിയമസഭയിലെ പ്രമേയത്തെ അനുകൂലിച്ച് പരസ്യ നിലപാട് സ്വീകരിച്ച മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ നടപടിയിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഞെട്ടൽ.
മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന നേതാവുമായ രാജഗോപാലിന്റെ പ്രതികരണം ബിജെപിയെ ഇതോടെ വെട്ടിലാക്കിയിരിക്കുകയാണ്. നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് രാജഗോപാലിന്റെ പരസ്യ പ്രതികരണം. ഇത് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധം കൂടിയാണ്.
കേന്ദ്ര കാർഷിക നയം പിൻവലിക്കണമെന്ന പ്രമേയത്തെ നിയമസഭയിൽ എതിർത്തില്ലെന്ന് ഒ രാജഗോപാൽ വ്യക്തമാക്കി. പ്രമേയം പാസാക്കിയത് ഏകക്ണഠമായെന്നും രാജഗോപാൽ.
പൊതു അഭിപ്രായത്തെ താൻ മാനിച്ചു. നിയമസഭയുടെ പൊതു വികാരത്തിനൊപ്പം നിൽക്കുന്നതിൽ തെറ്റില്ല. തനിക്ക് പ്രമേയത്തിന് എതിരായി നിൽക്കാനാവില്ല .താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറഞ്ഞിട്ട് കാര്യമില്ല രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.