തൃശ്ശൂർ: ഫുട്ബോള്‍ ഇതിഹാസവും സുഹൃത്തുമായ ഡീഗോ മറഡോണയുടെ വിയോഗത്തില്‍ തീരാ ദുഃഖം രേഖപ്പെടുത്തി വ്യവസായി ബോബി ചെമ്മണ്ണൂര്‍. , മറഡോണ കേരളത്തില്‍ കാലുകുത്താന്‍ കാരണമായ വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂര്‍. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ലോകം അറിയപ്പെടുന്ന സ്മാരകം ഒരുക്കുമെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്.
ലോകം അവിടെ വരുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മ്മിക്കാനാണ് ആഗ്രഹമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതീവ ദുഃഖിതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കളിക്കാരന് മാത്രമല്ല, ഉറ്റസുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നം പോലും കാണാന്‍ പറ്റാത്ത ബന്ധമായിരുന്നു, ദുബൈയില്‍ വെച്ച് കണ്ടപ്പോള്‍ ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം.
സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. പുള്ളി സംതൃപ്തനായി എന്നെ കെട്ടിപ്പിടിച്ചു, കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്കി.
അതുവരെ മദര്‍ തെരേസയുടെ മാത്രം ആരാധകനായിരുന്നു ഞാന്‍. ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ആരാധകന് എന്നതിലുപരി മറഡോണയുടെ ഏറ്റവും നല്ല സുഹൃത്താകുക എന്ന ആഗ്രഹം ഉടലെടുത്തതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.