സാലറി ചലഞ്ചിൽ പിടിമുറുക്കി സർക്കാർ; വിയോജിക്കാതെ പ്രതിപക്ഷം; സഹകരിക്കാത്തവരുടെ ശമ്പളം പിടിക്കാൻ നീക്കം

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സാലറി ചലഞ്ച് നിർബന്ധമാക്കാനുറച്ച് സംസ്ഥാന സർക്കാർ. ഈ മാസത്തെ ശമ്പളബില്ലുകൾ നേരത്തെ പോയതിനാൽ അടുത്ത മാസം മുതലാണ് ചലഞ്ച് നടപ്പാക്കുക.

മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചലഞ്ച് ആശയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചലഞ്ച് നിർബന്ധമാക്കണമെന്നാണ് സർക്കാർ നിലപാട്.

ഈ മാസം ജീവനക്കാരുടെ പ്രതികരണം പരിശോധിക്കും. ഒരുമാസത്തെ ശമ്പളം ഒരുമിച്ചോ ഗഡുക്കളായോ നൽകാം. സഹകരിക്കില്ലെന്ന് പറയുന്നവരിൽ നിന്നും എങ്ങിനെ പണം ഈടാക്കാമെന്നതിനെ കുറിച്ച് തുടർ ചർച്ചകൾക്ക് ശേഷം അന്തിമതീരുമാനമെടുക്കും.

ചലഞ്ചിനോട് പൂർണ്ണമായും വിയോജിപ്പില്ലെങ്കിലും സുതാര്യതയും ഇളവുകളും വേണമെന്നാണ് പ്രതിപക്ഷനിലപാട്. ആരോഗ്യവകുപ്പ് ജീവനക്കാരെയും പൊലീസിനെയും ഫയർഫോഴ്സിനെയും ഒഴിവാക്കണം. പ്രത്യേക അക്കൗണ്ടും വേണം. പ്രതിസന്ധി കാലത്ത് ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ പണം അനുവദിച്ചടക്കമുള്ള സർക്കാർ നടപടികളാണ് സ്ഥിതി രൂക്ഷമാക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മറ്റ് ചില സംസ്ഥാനങ്ങൾ ഇതിനകം ജീവനക്കാരുടെ ശമ്പളം പല രീതിയിൽ വെട്ടിക്കുറച്ചിട്ടുണ്ട്. വിട്ടുനിൽക്കുന്നവരുടെ ശമ്പളം വെട്ടിക്കുറക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്നും സർക്കാറിന്‍റെ പിടിപ്പ് കേടാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

പലതരം അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിയമപരമായ സാധ്യത കൂടി പരിഗണിച്ചാകും സർക്കാർ ഉത്തരവിറക്കുക. പ്രളയ കാലത്തെ സാലറി ചലഞ്ച് ഉത്തരവിലെ വിസമ്മതപത്രം അടക്കമുള്ള നിബന്ധനകൾ സുപ്രീം കോടതി തള്ളിയിരുന്നു