വെന്റിലേറ്ററിന് പകരം ശ്വസന സഹായി ‘മെയ്ഡ് ഇന്‍ കേരള’; സ്റ്റാര്‍ട്അപ് മിഷൻ കൊച്ചി ഫാബ് ലാബിന് അഭിമാനനിമിഷം

കൊച്ചി: കോറോണ രോഗികള്‍ക്കായി വെന്റിലേറ്ററിന് പകരം ഉപയോഗിക്കാവുന്ന ശ്വസന സഹായി വികസിപ്പിച്ച് കേരളം. കേരള സ്റ്റാര്‍ട്അപ് മിഷന്റെ കൊച്ചിയിലെ ഫാബ് ലാബിലാണ് ഈ ഉപകരണം നിര്‍മിച്ചത്. ആശുപത്രികള്‍ക്ക് നല്‍കാനായി ഈ ഉപകരണത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പാദനം കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ തുടങ്ങി.

അടിയന്തര ഘട്ടത്തില്‍ രോഗികള്‍ക്ക് ശ്വസിക്കാന്‍ സഹായിക്കുന്ന ചെറിയ ഉപകരണം മെയ്ഡ് ഇന്‍ കേരളയാണ്. കോവിഡിന്റെ സൂഹ വ്യാപനം സംഭവിച്ചാലുണ്ടാകുന്ന വെന്റിലേറ്റര്‍ ക്ഷാമം പരിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഉപകരണം നിര്‍മ്മിക്കുന്നത്.

നിലവില്‍ ആംബുലന്‍സുകളില്‍ ഉപയോഗിക്കുന്ന, കൈ കൊണ്ട് വളരെ കുറച്ച് സമയം മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആംബു ബാഗ് പൂര്‍ണമായും യന്ത്രവത്കൃതമായി മാറ്റിയാണ് ഈ ശ്വസന സഹായി നിര്‍മിച്ചത് . കാറിന്റെ വൈപ്പറിലെ മോട്ടോറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. രോഗിയുടെ ഓക്‌സിജന്റെ അളവും ശ്വാസോച്ഛ്വാസത്തിന്റെ എണ്ണവും ഇതില്‍ നിര്‍ണയിക്കാനാകും.

നിലവില്‍ വെന്റിലേറ്ററുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കു വരുമ്പോള്‍ പതിനായിരം രൂപയില്‍ താഴെയാണ് ഈ കേരളാ റസിപ്പറേറ്റി അസിസ്റ്റന്റിന്റെ വില. ഡോക്ടര്‍മാരും എന്‍ജിനീയമാരും ഒക്കെ അടങ്ങുന്ന ഒരു കൂട്ടായ്മയാണ് ഓപ്പണ്‍ സോഴ്‌സായി നിര്‍മിച്ച ഈ ഉപകരണത്തിന്റെ രൂപരേഖയ്ക്ക് പിന്നില്‍.

ഓപ്പണ്‍ സോഴ്‌സായതിനാല്‍ ആശുപത്രികള്‍ക്ക് സ്വന്തമായി നിര്‍മിക്കാനുമാകും.അടിയന്തര ഘട്ടമുണ്ടായാല്‍ വലിയ തോതില്‍ നിര്‍മാണത്തിന് തയാറെടുക്കാനാണ് സ്റ്റാര്‍ട് അപ് മിഷന്റെ ലക്ഷ്യം.