തിരുവല്ല: ബിലീവേഴ്സ് ചർച്ച് സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ആദായനികുതി വിഭാഗം റെയ്ഡ് തുടരുന്നതിനിടെ കൊച്ചിയിൽ നിന്നുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സംഘവും പരിശോധനകൾ തുടങ്ങി. പരിശോധനകൾ ഇതോടെ കൂടുതൽ നീളാൻ ആണ് സാധ്യത. ഇതു വരെ നടത്തിയ റെയ്ഡിൽ നിരോധിത നോട്ട് ഉൾപ്പടെ 11 കോടി രൂപയാണ് പിടിച്ചെടുത്തത്.
രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചിരുന്നു. സഭാ ആസ്ഥാനത്തടക്കം ശക്തമായ പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കണക്കിൽ പെടാത്ത 6000 കോടി ബിലീവേഴ്സ് ചർച്ച് രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.
ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകൾ സർക്കാരിനു നൽകണമെന്നുമിരിക്കെ കൈപറ്റിയ തുക റിയൽ എസ്റ്റേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. കണക്കുകൾ നൽകിയതിലും വലിയ പൊരുത്തക്കേടുണ്ട്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയിലാണ് സഭാ ആസ്ഥാനത്ത് പാർക്കുചെയ്ത വാഹനത്തിൽനിന്നും കെട്ടിടത്തിൽനിന്നുമായി കണക്കിൽപെടാത്ത 11 കോടി പിടികൂടിയത്. ഇതിൽ സഭാ ആസ്ഥാനത്തെ കെട്ടിടതപൽനിന്നാണ് രണ്ടു കോടിയുടെയുടെ നിരോധിത നോട്ടുകൾ കണ്ടെടുത്തത്. ബാക്കി 9 കോടി സ്ഥാന വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും കണ്ടെടുത്തു.