മുംബൈ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ ഏഴ് മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ വീണ്ടും തുറക്കുന്നു. കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള മൾട്ടിപ്ലക്സ് അടക്കമുള്ള തിയറ്ററുകൾക്കാണ് അനുമതി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഭക്ഷണസാധനങ്ങൾ അനുവദിക്കില്ല.
മുംബൈയിലാണ് ആദ്യം തിയറ്ററുകൾ തുറക്കുക. പിന്നീട് ഒരുമാസത്തിന് ശേഷം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തുറക്കും. മഹാരാഷ്ട്രയിൽ 600ഓളം തിയറ്ററുകളുണ്ടെന്നാണ് കണക്ക്. മുംബൈയിൽ മാത്രം 200ഓളം തിയറ്ററുകളാണ് പ്രവർത്തിക്കുന്നത്.
കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽകുളങ്ങൾ, യോഗപരിശീലന സ്ഥാപനങ്ങൾ എന്നിവക്കും തുറക്കാൻ അനുമതിയുണ്ട്. കൃത്യമായ സാമൂഹിക അകലവും സാനിറ്റൈസേഷനും ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശം നൽകി.
സിനിമാ തിയറ്ററുകൾ തുറക്കാൻ ഒക്ടോബർ 14ന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. സാഹചര്യം പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം നിർദേശം നൽകിരുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 1.7 ദശലക്ഷം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 44,128 മരണങ്ങളും റിപ്പോർട്ട് ചെയ്തു.