തിരുവനന്തപുരം: യുഡിഎഫിൽ ചേരുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കാൻ പിസി തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസിൻ്റെ സെക്രട്ടേറിയേറ്റ് യോഗം നാളെ ചേരും. എന്നാൽ യുഡിഎഫിൽ ചേരാൻ ഔദ്യോഗികമായി കത്തുകളൊന്നും നൽകിയിട്ടില്ലെന്നും പിസി തോമസ് പറഞ്ഞു.
എൻഡിഎയ്ക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടെന്നറിയാവുന്ന യുഡിഎഫിലെ പലരും പാർട്ടിയിലെ ചിലരുമായി സംസാരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിനൊപ്പം വരാനാണെങ്കിൽ സംസാരിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിൽ പറഞ്ഞത്.
യുഡിഎഫിലേക്ക് പോകണമെന്ന് പാർട്ടിക്ക് അഭിപ്രായമുണ്ട്. അതിനാൽ തന്നെ പാർട്ടി സെക്രട്ടേറിയറ്റ് കൂടി ഒരു തീരുമാനത്തിലെത്തും. ഒരു ഘടകകക്ഷിയെന്ന നിലയിൽ യുഡിഎഫിലേക്ക് പോണമെന്നാണ് അഭിപ്രായമുയരുന്നത്. അങ്ങനെ അല്ലാതെ പോകേണ്ടെന്നും പറയുന്നവരുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം നാളത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും പിസി തോമസ് പറഞ്ഞു.
കേരളത്തിൽ എൻഡിഎയ്ക്ക് കാര്യമായൊരു സംവിധാനമില്ലെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. നൽകാമെന്ന് ഉറപ്പുപറഞ്ഞ സ്ഥാനങ്ങൾ പോലും ലഭിക്കാതെ എൻഡിഎ മുന്നണിയിൽ തുടരുന്നതിൽ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടെന്ന് പിസി തോമസ് പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം 2018ൽ ഉറപ്പുനൽകിയ റബർ ബോർഡിലേത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാര്യങ്ങൾ തീരുമാനമാകാതെ നീണ്ടുപോകുന്നതിൽ പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിയുണ്ട്.
കാര്യങ്ങൾ ബിജെപി സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. ഒരു ചെയർമാൻ സ്ഥാനവും അഞ്ച് ബോർഡുകളുമാണ് ബിജെപി ഉറപ്പ് നൽകിയിരുന്നത്. ഈ ആറ് സ്ഥാനങ്ങളും ലഭിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2018ലാണ് ഇവ നൽകാമെന്ന് ബി.ജെ.പി. അംഗീകരിച്ചത്. ഇത്ര നാൾ കഴിഞ്ഞിട്ടും അതിൽ തീരുമാനമാകാത്തതാണ് പാർട്ടിയിൽ എതിർപ്പുയരാൻ കാരണമായത്.
കഴിഞ്ഞ രണ്ടുകൊല്ലമായി ഇക്കാര്യത്തിൽ ബിജെപി സംസ്ഥാന നേതൃത്വവുമായി സംസാരിക്കുന്നുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് കാര്യങ്ങൾ നീണ്ടുപോകുന്നത്. എന്നാൽ അത് രണ്ടുകൊല്ലത്തോളം നീണ്ടുപോകുന്നത് അംഗീകരിക്കാനാകില്ല. ഇടയ്ക്ക് ബിജെപി നേതൃത്വത്തിലും മാറ്റം വന്നു. അതിന് ശേഷം ആരും ഇക്കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ലെന്ന് തോമസ് കുറ്റപ്പെടുത്തി.