അടച്ചിടൽ അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യവ്യാപക അടച്ചിടൽ അവശ്യ സർവീസുകളെ ബാധിക്കില്ലെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ സ്ഥിതിഗതതികൾ കൈകാര്യം ചെയ്യാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അതിവേഗം പ്രവർത്തിക്കുകയാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ മൂലം സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. എന്നാൽ എല്ലാ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ ഷോപ്പുകളും ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്ന കടകളും അടക്കമുള്ളവ തുറന്നു പ്രവർത്തിക്കുമെന്ന് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
പഴം, പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ, പാൽ, മത്സ്യം, മാംസം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകളെ അടച്ചിടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജനങ്ങൾ പുറത്തിറങ്ങുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതതിനുവേണ്ടി അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്നകാര്യം ജില്ലാ ഭരണകൂടങ്ങൾ പരിഗണിക്കണം.
ബാങ്ക്, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം, അച്ചടി – ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയേയുംഅടച്ചിടേണ്ട പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ടെലിക്കമ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ, കേബിൾ സർവീസുകൾ, ഐ.ടി സേവനങ്ങൾ എന്നിവ ആവശ്യമെങ്കിൽ പ്രവർത്തിക്കാം. ഇവയിലെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ അവസരം ഒരുക്കണം.

ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ കൊമേഴ്സിനെയും അടച്ചിടേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. പെട്രോൾ പമ്പുകൾ, എൽ.പി.ജികേന്ദ്രങ്ങൾ, പെട്രോളിയം – ഗ്യാസ് റീട്ടെയിൽ സ്റ്റോറേജ് കേന്ദ്രങ്ങൾ, ഊർജ ഉൽപാദന – വിതരണ സംവിധാനങ്ങൾ, പ്രൈവറ്റ് സെക്യൂരിറ്റി സേവനങ്ങൾ എന്നിവയും പ്രവർത്തിക്കാമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.