ന്യൂ​ഡെൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാജ്യം 21 ദി​വ​സം സമ്പൂർണമായി അടച്ചിടുമെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചു.
ഇ​ന്ന് അ​ർ​ധ​രാ​ത്രി 12 മു​ത​ൽ 21 ദി​വ​സം വീ​ടു​ക​ളി​ൽ​നി​ന്ന് ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.  കൊറോണ പ്രതിരോധത്തിന് 15000 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വിവിധ സംസ്ഥാനങ്ങളുടെ അടച്ചിടൽ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ കർഫ്യു നടപ്പാക്കിയതായി അറിയിച്ചത്.
ഈ നിമിഷം നിങ്ങൾ രാ​ജ്യ​ത്ത് എവിടെയാണോ അവിടെ തന്നെ തുടരുക.ആ​രും വീ​ടി​ന് മു​ന്നി​ലെ ല​ക്ഷ്മ​ണ രേ​ഖ മ​റി​ക​ട​ക്ക​രു​ത്. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാൾ എന്ന നിലയ്ക്കാണ് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നത്. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം.
നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യം 21 വ​ർ​ഷം പു​റ​കി​ലേ​ക്കു​പോ​കും. വൈ​റ​സ് അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യാ​ണ്. വ്യാ​പ​ന​ത്തി​ന്‍റെ വേ​ഗം കൂ​ടും തോ​റും പ്ര​തി​രോ​ധം അ​തി​ക​ഠി​ന​മാ​കും. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​ങ്ങ​ൾ‌​ക്കു പോ​ലും അ​തി​ന്‍റെ ആ​ഘാ​തം നേ​രി​ടാ​നാ​യി​ല്ല. 
ചി​ല​രു​ടെ ശ്ര​ദ്ധ​ക്കു​റ​വ് നി​ങ്ങ​ളേ​യും കു​ടും​ബ​ത്തേ​യും അ​പ​ക​ട​ത്തി​ലാ​ക്കാം. അ​ശ്ര​ദ്ധ​യ്ക്ക് രാ​ജ്യം ചി​ന്തി​ക്കാ​ൻ ക​ഴി​യാ​ത്ത വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും. കൊ​റോ​ണ വൈ​റ​സി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ‌ സാ​മൂ​ഹി​ക അ​ക​ലം പാലിക്കുകയാണ് മ​രു​ന്ന്. പ്ര​ധാ​ന​മ​ന്ത്രി​യു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സാ​മൂ​ഹി​ക അ​ക​ലം ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്രതിരോധത്തിന് 15000 കോടിയുടെ പാക്കേജ്

കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന് 15,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. രോ​ഗ നി​ർ​ണ​യം, ഐ​സ​ലേ​ഷ​ൻ, ഐ​സി​യു എ​ന്നി​വ​യ്ക്കാ​യാ​ണ് ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.