തിരുവനന്തപുരം: എയര്‍ ഇന്ത്യ വിമാനത്തില്‍ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ നിന്നുള്ള എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ ,രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് എന്നിവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡിഎംഒമാര്‍ നിര്‍ദ്ദേശം നല്കി. ദുബായിയില്‍ നിന്നും ഡല്‍ഹി വഴി കേരളത്തിലേക്ക് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇറങ്ങിയത്. ഇതാണ് ക്വാറന്റൈനില്‍ വിടാന്‍ കാരണമെന്നാണ് സൂചന.
പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയ ടി.എന്‍.പ്രതാപന് എംപി സ്വയം ക്വാറന്റൈനില്‍ പോയിരുന്നു. അന്യസംസ്ഥാനത്തു നിന്നും വരുന്നവര്‍ വീട്ടില്‍ 14 ദിവസം നിരീക്ഷണത്തിലിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചാണ് തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു.
അതേസമയം കെ.സുധാകരന്, അടൂര്‍ പ്രകാശ് എന്നീ എംപിമാര്‍ക്ക് ക്വാറന്റൈന് നിര്‍ദ്ദേശിച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ കാര്യമായ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് കെ.സുധാകരന് പ്രതികരിച്ചു.