ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം 21 ദിവസം സമ്പൂർണമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ഇന്ന് അർധരാത്രി 12 മുതൽ 21 ദിവസം വീടുകളിൽനിന്ന് ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധത്തിന് 15000 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം ബാധകമാണെന്നും അദ്ദേഹം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ അടച്ചിടൽ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കാൻ ജനങ്ങൾ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ കർഫ്യു നടപ്പാക്കിയതായി അറിയിച്ചത്.
ഈ നിമിഷം നിങ്ങൾ രാജ്യത്ത് എവിടെയാണോ അവിടെ തന്നെ തുടരുക.ആരും വീടിന് മുന്നിലെ ലക്ഷ്മണ രേഖ മറികടക്കരുത്. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാൾ എന്ന നിലയ്ക്കാണ് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നത്. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം.
നിർദേശം കൃത്യമായി പാലിച്ചില്ലെങ്കിൽ രാജ്യം 21 വർഷം പുറകിലേക്കുപോകും. വൈറസ് അതിവേഗം വ്യാപിക്കുകയാണ്. വ്യാപനത്തിന്റെ വേഗം കൂടും തോറും പ്രതിരോധം അതികഠിനമാകും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങൾക്കു പോലും അതിന്റെ ആഘാതം നേരിടാനായില്ല.
ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം. അശ്രദ്ധയ്ക്ക് രാജ്യം ചിന്തിക്കാൻ കഴിയാത്ത വലിയ വില നൽകേണ്ടിവരും. കൊറോണ വൈറസിൽനിന്നും രക്ഷനേടാൻ സാമൂഹിക അകലം പാലിക്കുകയാണ് മരുന്ന്. പ്രധാനമന്ത്രിയുൾപ്പെടെ എല്ലാവർക്കും സാമൂഹിക അകലം ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധത്തിന് 15000 കോടിയുടെ പാക്കേജ്
കൊറോണ പ്രതിരോധത്തിന് 15,000 കോടി രൂപയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രോഗ നിർണയം, ഐസലേഷൻ, ഐസിയു എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന്നത്. അവശ്യസാധനങ്ങൾ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.