പഞ്ചാബിൽ മടങ്ങിയെത്തിയത് 90,000 പ്രവാസികൾ ; എങ്ങും ആശങ്ക

ചണ്ഡീഗഡ്: കൊറോണ ഭീഷണിയെത്തുടർന്ന് വിദേശത്തു നിന്ന് പഞ്ചാബിൽ മടങ്ങിയെത്തിയത് 90,000 പ്രവാസികൾ. ഇതിൽ കുറെ പേർക്ക് രോഗബാധയുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സംശയിക്കുന്നു.
രാജ്യത്ത് ഏറ്റവുമധികം പ്രവാസികൾ പഞ്ചാബിൽ നിന്നാണെന്നും ഇവരിൽ ഭൂരിഭാഗവും തിരിച്ചെത്തിയതായും സംസ്ഥാന ആരോഗ്യമന്ത്രി ബൽബീർ സിംഗ് സിദ്ദു കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹർഷവർധനെ അറിയിച്ചിരുന്നു.മടങ്ങിയെത്തിയ പലർക്കും കൊറോണയുടെ ലക്ഷണങ്ങളുണ്ടെന്നും രോഗവ്യാപനം അടിയന്തരമായി തടയേണ്ടത് ആവശ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനമൊട്ടാകെ വൈറസ് ബാധ പ്രതിരോധിക്കുന്നതിനും അണുനശീകരണം ഉൾപ്പെടെയുള്ള ശുചീകരണപ്രവൃത്തികൾ നടത്തുന്നതിനും 150 കോടി രൂപയുടെ ധനസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്രത്തെ അറിയിച്ചിരുന്നു.
പഞ്ചാബിൽ ഇതു വരെ 23 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച് ഒരാൾ മരിച്ചു. കൊറോണാവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കർഫ്യു ഏർപ്പെടുത്തിയ ആദ്യസംസ്ഥാനമാണ് പഞ്ചാബ്. പൊതുഗതാഗതം നിർത്തലാക്കിയിട്ടുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ കർശനമാക്കിയിട്ടുണ്ട്. എന്നാൽ അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങുന്നതിന് പുറത്തിറങ്ങാൻ ജനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
കർഫ്യു ലംഘിച്ച 48 പേർക്കെതിരെ കേസെടുത്തു. ഇതിൽ 26 പേരും ചണ്ഡിഗഡിലെ മൊഹാലിയിൽ നിന്നാണ്.