തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മതസ്ഥാപനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇനിയും തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹചടങ്ങുകള്‍ക്ക് പരമാവധി നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
12,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര് ആശുപത്രിയിലാണുള്ളത്. ഇന്നു മാത്രം 72 പേരെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. 2297 സാംപിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് ഏര്‍പ്പെടുത്തേണ്ടി വന്നു. സ്വയം ആ നിയന്ത്രണം പാലിക്കാന്‍ ജനങ്ങളും തയ്യാറായി. എന്നാല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ചില പ്രതിസന്ധികളും രൂപപ്പെട്ടു. വ്യാപരമേഖലയിലും തൊഴില്‍ മേഖലയിലും ഒരു സ്തംഭനാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. സാമൂഹിക ജീവിതം അതേ രീതിയില്‍ തുടര്‍ന്നു കൊണ്ടു തന്നെ കൊവിഡ് വൈറസിനെതിരെയുള്ള ജാഗ്രത തുടരണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയില്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ പരിഗണിച്ച് വായ്പ തിരിച്ചടവിന് സമയം നൽകുന്നത് ചർച്ച ചെയ്യാൻ ബാങ്കേഴ്സ് സമിതി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.