കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികൾക്ക് നേരെ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂര്‍: കേരളത്തിലെത്തുന്ന വിദേശികളേയും വിദേശത്തു നിന്നെത്തുന്നവരേയും കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ വ്യാപിക്കുന്നു. കണ്ണൂരിലാണ് വിദേശികൾക്കെതിരേ ജനവികാരമുയർന്നത്. കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ സഹയാത്രികരുടെ പ്രതിഷേധം കാരണം അവസാനം പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ബസില്‍ വിദേശികളെ കണ്ടത്തിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരാവുകയും കണ്ടക്ടറോട് പരാതിപ്പെടുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതോടെ ഫ്രാന്‍സില്‍ നിന്നുള്ള ഈ രണ്ട് വിദേശികളേയും പൊലീസ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മാനന്തവാടിയില്‍ നിന്നുമാണ് ബസ് കണ്ണൂര്‍ക്ക് വന്നത്.