ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനം കാരണം നിർത്തിവെച്ച സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കൃത്യമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഷൂട്ടിംഗ് പുനരാരംഭിക്കുക എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
ഇതിനായി ആഭ്യന്തര മന്ത്രാലയവുമായും ആരോഗ്യ മന്ത്രാലയവുമായും കൂടിയാലോചിച്ച ശേഷം അദ്ദേഹം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) നിശ്ചയിച്ചു.
ലൊക്കേഷൻ സ്ഥലത്ത് കൃത്യമായി സാമൂഹിക അകലം പാലിക്കുകയും ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കുന്നവർ ഒഴികെ ബാക്കി എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണമെന്നും ഷൂട്ടിംഗ് പുനരാരംഭിക്കുന്ന തീരുമാനം അറിയിച്ചു കൊണ്ട് ജാവദേക്കർ അറിയിച്ചു. മേക്കപ്പ് ആർട്ടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളും പി പി ഇ കിറ്റ് ധരിച്ചു വേണം തങ്ങളുടെ ജോലി ചെയ്യാൻ. ഷൂട്ടിംഗ് ക്രൂ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം.
സൈറ്റുകളുടെ പ്രവേശന ഭാഗത്ത് താപ പരിശോധന നടത്തണം. ഷൂട്ടിംഗ് സൈറ്റുകളിൽ ഉള്ളിൽ കൃത്യമായ സാനിറ്റൈസേഷൻ ഉറപ്പാക്കണം. ഇവിടെ ജനക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങൾ നിർബന്ധമായും ഒഴിവാക്കണമെന്നും വാർത്താവിനിമയ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളിൽ അറിയിച്ചു.
കൊറോണ വ്യാപനം തുടങ്ങിയതോടെ മാർച്ച് 5 മുതലാണ് സിനിമ സീരിയൽ ഷൂട്ടിംഗ് നിർത്തിവെച്ചത്. ചില സംസ്ഥാനങ്ങൾ. ഇതിനിടയിൽ ഷൂട്ടിംഗ് പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്.