മധ്യപ്രദേശിൽ ബിജെപി തന്ത്രം പാളി;കോൺഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി

ഭോപ്പാൽ: കമൽനാഥ് സർക്കാരിനെ വീഴ്ത്താനുള്ള ബിജെപി തന്ത്രം പാളി.മുഖ്യമന്ത്രി കമൽനാഥും മുൻ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗും ചേർന്ന് നടത്തിയ തന്ത്രപരമായ ഇടപെടലോടെ കോൺഗ്രസിലെ ഇടഞ്ഞു നിന്ന ആറു എം എൽ എ മാർ പാർട്ടിയിൽ വീണ്ടും തിരിച്ചെത്തി. ഗുരുഗ്രാമിലെ റിസോർട്ടിലെത്തിച്ച എട്ട് കോൺഗ്രസ് എംഎൽഎമാരിൽ ആറ് പേരാണ് ഇന്നലെ ഭോപ്പാലിൽ തിരിച്ചെത്തിയത്. മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ഇവരെ നേരെ മുഖ്യമന്ത്രിയുടെ വസതയിലേക്ക് കൊണ്ടുപോകുകയായിരുന്നു.ബിജെപിയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ച കോൺഗ്രസ് എംഎൽഎ മാരെ ഏറെ നാടകീയമായാണ് തിരികെ കൊണ്ടുവന്നത്.ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലായ മനേസറിൽ നിന്ന് ദിഗ്വിജയ് സിംഗും മകനും മന്ത്രിയുമായ ജയവർധൻ സിംഗുമാണ്
പാർട്ടി വിടാൻ തീരുമാനിച്ചവരെ തിരികെ കൊണ്ടുവന്നത്. മന്ത്രി ജിത്തു പട്വാരിയും ഒപ്പമുണ്ടായിരുന്നു. തിരികെ പിടിച്ച എംഎൽഎമാരെ സൗത്ത് ഡൽഹിയിലെ വസന്ത് കുഞ്ജിലെ ഹോട്ടലിലേക്ക് കൊണ്ടു വന്നു. അവിടെ നിന്ന് ഭോപ്പാലിലെത്തിക്കുകയായിരുന്നു.
കൃത്യസമയത്ത് ഞങ്ങൾ ഇടപെട്ട് അട്ടിമറി ശ്രമം തകർത്തുവെന്ന് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി കമൽനാഥും പ്രതികരിച്ചു.
മുൻ മന്ത്രിയും ബിജെപി നേതാവുമായ ഭുപേന്ദ്ര
സിങ്ങാണ് ബിഎസ്പി എംഎൽഎയെ ചാർട്ടേർഡ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയതെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
സർക്കാരിനെ വീഴ്ത്താൻ സഹായിച്ചാൽ 35 കോടി തരാമെന്നും മന്ത്രിയാക്കാമെന്നും ശിവരാജ് സിംഗ് ചൗഹാൻ നേരിട്ട് വിളിച്ച് പറഞ്ഞെന്ന് ഒരു കോൺഗ്രസ് എംഎൽഎ ആരോപിച്ചു.
കമൽനാഥ്-സിന്ധ്യ പോരാണ് വിമതനീക്കത്തിന് കാരണമായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൻ സിന്ധ്യയുമായി സംസാരിച്ചുവെന്നും ഒരു അഭിപ്രായ ഭിന്നതയുമില്ലെന്നും ദ്വിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടു.
അതേ സമയം താൻ ആർക്കും പണം നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടു.കോൺഗ്രസിലെ പടലപ്പിണക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ബിജെപിയെ പഴിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും അട്ടിമറി നീക്കം തൽക്കാലം പാളിയതിനാൽ കൂടുതൽ കരുതലോടെ നീങ്ങാനാണ് കമൽനാഥിന്റെ ശ്രമം.നിലവിലെ സാഹചര്യത്തിൽ 230 അംഗ നിയമസഭയിൽ സർക്കാരിനെ വീഴ്ത്തണമെങ്കിൽ 15 എംഎൽഎമാരെ ബിജെപിക്ക് കോൺഗ്രസിൽ നിന്ന് അടർത്തിയെടുക്കണം. ഇത് നടന്നില്ലെങ്കിൽ 12 എംഎൽഎമാരെ രാജി വയ്പ്പിച്ചാൽ ഈ മാസം 26 ന് നടക്കുന്ന രാജ്യസഭാഗംങ്ങളുടെ തെരഞ്ഞെടുപ്പിൽ രണ്ടു പേരെ വിജയിപ്പിക്കാമെന്നും ബിജെപി കണക്കുകൂട്ടി. മധ്യപ്രദേശിൽ മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവാണ് നിലവിലുള്ളത്. എം എൽ എ മാരുടെ അംഗബലം വച്ച് ഇതിൽ രണ്ടെണ്ണം കോൺഗ്രസിന് നേടാനാകും. ബി ജെ പി ക്കാകട്ടെ ഒരാളെയേ വിജയിപ്പിക്കാനാകൂ. ദ്വിഗ് വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിൽ നിന്ന് മൽസരിക്കാനുണ്ടാകുമെന്ന് ധാരണയിട്ടുണ്ട്. രണ്ട് ബിജെപി എംഎൽഎമാർ ശരദ് കോളും നാരായൺ ത്രിപാഠിയും നേരത്തെ തന്നെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സ്വതന്ത്രരും എസ്.പി, ബി.എസ്.പി എംഎൽഎമാരും കോൺഗ്രസിന് പിന്തുണ തുടരുകയാണ്. അതു കൊണ്ടു തന്നെ സർക്കാർ പ്രതിസന്ധിയെ അതിജീവിച്ചു.
വരും ദിവസങ്ങളിൽ ബിജെപിക്കെതിരേ ആഞ്ഞടിക്കാനാണ് കോൺഗ്രസ് തിരുമാനം.
സർക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ബിജെപി എംഎൽഎ സഞ്ജയ് പഥകിന്റെ ഇരുമ്പയിര് ഖനനാനുമതി ലൈസൻസ് സംസ്ഥാന സർക്കാർ റദ്ദാക്കിയിട്ടുണ്ട്. അട്ടിമറി പാളിയെങ്കിലും കോൺഗ്രസിനെ പിളർത്താനുള്ള നീക്കത്തിൽ നിന്ന് ബിജെപി പിൻമാറില്ലെന്നാണ് സൂചന. വരുന്ന 46 മാസത്തെ ഭരണത്തിനിടയിൽ ബിജെപിയുടെയും പാർട്ടിയിലെയും വെല്ലുവിളികളെ നേരിടേണ്ടി വരുമെന്ന് കമൽനാഥിനുമറിയാം. എന്തായാലും പാർട്ടി നേത്യത്വത്തിന്റെ പിന്തുണയാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ശക്തി.